Search
  • Sani Yas

മികച്ച ഒരുപാട് നടന്മാർ നമുക്കുണ്ട്, പക്ഷെ ഒരു മമ്മൂട്ടി മാത്രമേ ഒള്ളു... ഒരേ ഒരു മമ്മൂട്ടി.

മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂ൪ണിമ എന്ന വിശേഷണം മമ്മൂട്ടി എന്ന മൂന്നക്ഷരങ്ങളുടെ കൂടെയല്ലാതെ ചേർത്തിയെഴുതാൻ മറുവാക്കുകൾ തിരയാൻ പോലും മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു... മൂന്നു പതിറ്റാണ്ടുകൾക്കേറെയായി ഈ മഹാമനീഷി തിരശീലയിലൂടെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് ഒട്ടും ക്ലാവ് പിടിക്കാത്ത ഒളിവേറുന്ന ലോഹമായി തന്നെ അന്നും ഇന്നും എന്നും വെട്ടി തിളങ്ങി സ്‌ഫുരിച്ചു കൊണ്ടേ ഇരിക്കുന്നു ഈ പേര്. 20 ആം നൂറ്റാണ്ടിന്റെ അവസാന ഏടുകളിൽ ഒരുപാട് മഹാരഥന്മാരായ കലാകാരന്മാർ അരങ്ങുവാണിരുന്ന കാലം മുതൽ 21 ആം നൂറ്റാണ്ടിലെ പ്രതിഭാ ധനരായ യുവ നിരയുടെ ആധിക്യത്തിലും അവരിൽ നിന്നെല്ലാം ഈ മഹാമേരുവിനെ ഈ കാലഘട്ടത്തിലും വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ അഭൂതപൂർവമായ കഥാപാത്ര വ്യത്യസ്തത തന്നെയാണ്, ഒരു പക്ഷെ മലയാള താരങ്ങൾക്കു മാത്രമല്ല ഇന്ത്യയിലെ ഒരു നടന്മാർക്കും അവകാശപ്പെടാൻ കഴിയാത്ത അത്രയും വ്യത്യസ്തവും വൈവിധ്യ പൂർണ്ണവുമായ വേഷങ്ങളിൽ ഇതിനോടകം തന്നെ പകർന്നാടിയിട്ടുണ്ട് മമ്മൂട്ടി.ആസ്വാദന നിലവാരം കൊണ്ടും നല്ല സിനിമകളെ സ്വീകരിക്കുന്ന ആസ്വാദകരെ കൊണ്ടും സമ്പന്നമാണ് മലയാളം. അനായാസമായി ഡാൻസ് കളിക്കുന്നതോ, തികഞ്ഞ സ്വാഭാവികതയോടെ കോമഡി പറയുന്നതോ, അതി മനോഹരമായി പ്രണയിക്കുന്നവരോ ആയി നമുക്ക് മുന്നിൽ ഒരുപാട് താരങ്ങളുണ്ട് എല്ലാം മികച്ചവർ തന്നെ പക്ഷെ അതിനപ്പുറത്തേക്കൊരു കഥാപാത്രത്തിന്റെ തീവ്രമായ ഉള്കാഴ്ചകളിലേക്കും, അകക്കാമ്പുകളിലേക്കും ഇറങ്ങിച്ചെന്നു കഥാപാത്രത്തിലേക്ക് പരകായ പ്രവേശം നടത്തുന്ന എത്രപേരെ നമുക്ക് ആ കൂട്ടത്തിൽ നിന്നും എണ്ണാൻ പറ്റും ? എത്രപേരെ ആ ഗണത്തിലേക്ക് പേര് ചേർക്കാൻ പറ്റും ? ദശാബ്ദങ്ങളായി അവിടെ നമുക്ക് ചേർക്കാൻ ഒരേ ഒരു പേര്.. ഒരേ ഒരു നടൻ.400 ൽ പരം വേഷങ്ങൾ ചെയ്തു മമ്മൂട്ടി പക്ഷെ അതിൽ ഒന്നിൽ കൂടുതൽ ഭാസ്കര പട്ടേലരെ കാണിച്ചു തരാൻ പറഞ്ഞാൽ ആർകെങ്കിലും സാധിക്കുമോ മറ്റൊരു പുട്ടുറുമീസിനെ കണ്ടെത്താൻ പറഞ്ഞാലോ? വിദ്യാധരനോ, മാടയോ, ഡാനിയോ, മന്നാഡിയാരോ പിന്നെ പുനർജനിച്ചിട്ടുണ്ടോ ചന്തു ചേകവരോ, മേലേടത് രാഘവൻ നായരോ, ജോസഫ് അലക്‌സോ, രാജയോ, അമുദവനോ.. വന്നിട്ടുണ്ടോ ? മെയ്യാലെ മൊഴിയാലെ മാറി മറിഞ്ഞു ഈ ഇതിഹാസം തീർത്ത വിസ്മയങ്ങൾ വിരലിലെണ്ണാൻ പോലും കഴിയാവുന്നതല്ല. ഒരു നാൾ അയാൾ ചന്തുവായിരുന്നു പിന്നീടയാൾ അംബേദ്ക്കറും ബഷീറും പഴശ്ശി രാജയും അഹമ്മദ് ഹാജിയുമൊക്കെയായി, ഇത്രയും ദശകങ്ങൾ പിന്നിടുമ്പോഴും ഇന്നും ആ ഊർജം ആ ആവേശം അതുപോലെ തന്നെ ജ്വലിച്ചു നില്കുന്നു.മികച്ച ഒരുപാട് നടന്മാർ നമുക്കുണ്ട് ഒരുപാട് നല്ല നായകന്മാരുണ്ട് നമ്മുടെ വികാരങ്ങളെ പലപ്പോഴും തീക്ഷണതയോടെ സ്വാധീനിച്ച അത്ഭുത പ്രതിഭകളുണ്ട് പക്ഷെ ഇവയെല്ലാം ചേർന്ന് ഇന്ത്യൻ സിനിമക്ക് മുന്നിൽ നമുക്ക് ഉയർത്തി കാണിക്കാൻ മലയാളത്തിന് ഒരു മമ്മൂട്ടി മാത്രമേ ഒള്ളു... ഒരേ ഒരു മമ്മൂട്ടി.


2,303 views0 comments