
Sani Yas
ഏലേലോ എന്ന സംഗീത ആൽബം ഒരു സമ്മാനമാണ്, ഇന്നത്തെ തലമുറക്കും നാളത്തെ തലമുറക്കും.
"കരിയാനൊരില വരെ തണലായി നിന്നിടാം വേദനിപ്പിച്ചെൻ വേരറുത്തില്ലെങ്കിൽ...." എന്ന് പാടിയ ശിഖരങ്ങളുടെ, പെയ്തു തോരാത്ത കണ്ണീർ ചാറ്റലിന്റെ നോവുള്ള നനവും നാമ്പും, പുതിലുണങ്ങാത്ത ഈർപ്പം പോലെ പരാഗണം ചെയ്യുമ്പോൾ കണ്ടു മടുത്ത നാഗരികതയുടെ അന്തർനാളങ്ങളിൽ അഭയം തേടി കൊണ്ടേ ഇരിക്കുന്നവരാണ് ഞാനുൾപ്പെടെയുള്ള നാമോരോരുത്തരും. ഒരു തവണയെങ്കിലും ഇലകളെ തലോടണം, പൂക്കളെ മണക്കണം , അപ്പൂപ്പൻ താടി പറത്തണം, മഞ്ചാടിക്കുരു പെറുക്കണം, എല്ലാ ജാള്യതകളും മറച്ചു പ്രകൃതിയിലേക്ക് മടങ്ങണം അവിടെ നമുക്ക് നമ്മളെ കാണാം, ജീവനുള്ള നമ്മളെ.

ഏലേലോ പാടി തീർക്കുന്ന സംഗീതം മുഴുവനായും പ്രകൃതിയാണ്, അകക്കാമ്പുകളിലേക്കു പ്രണയം നിറക്കുന്ന പ്രകൃതിയുടെ സംഗീതം. കണ്ടു തീർന്നത് മുതൽ വല്ലാത്തൊരു ഗൃഹാതുരത്വം വേട്ടയാടുന്നുണ്ട് പ്രവാസിയായ എന്നെ. ഒരു മിഥ്യാ മാധ്യമത്തിന് ഇത്രയേറെ സൗന്ദര്യം പകർന്നു നൽകാൻ കഴിയുമെങ്കിൽ എനിക്ക് പ്രണയിക്കാൻ അതിന്റെ യാഥാർഥ്യങ്ങളുടെ സൗന്ദര്യം എത്രത്തോളം ചുറ്റും നിറഞ്ഞു നില്കുന്നുണ്ടെന്നു ചിന്തിച്ചു പോകുന്നു. ഇത്രയും നന്മയുള്ള ആശയം ഇത്രയേറെ ഭംഗിയുള്ള ചിത്രീകണം അത്ര തന്നെ മനോഹരമായ സംഗീതം ഏലേലോ എന്ന സംഗീത ആൽബം ഒരു സമ്മാനമാണ്, ഇന്നത്തെ തലമുറക്കും നാളത്തെ തലമുറക്കും ഇന്നത്തെ യുവത്വം നൽകുന്ന ഒരു വിലപിടിപ്പുള്ള സമ്മാനം.

വളരെ സാധാരണമെന്നു തോന്നിക്കുന്ന ഒരു അസാധാരണ ആശയമാണ് C Major 7 എന്ന സംഗീത ബാൻഡ് അവരുടെ ഏറ്റവും പുതിയ സംഗീത ആല്ബത്തിലൂടെ സംവദിക്കുന്നത്, നമ്മുടെ ഇന്നത്തെ പുതുമുഖങ്ങളും തുടക്കക്കാരുമെല്ലാം ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങുന്നത് തന്നെ ഒരുപാട് നാളേകളിലേക്കുള്ള പ്രതീക്ഷ നൽകിക്കൊണ്ടാണ് ചവച്ചരച്ചു ചണ്ടിയായ സ്ഥിരം ആൽബം കാഴ്ചകൾ വീണ്ടും ചവക്കാൻ നോക്കാതെ മാറി ചിന്തിച്ചതിനുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം Thejas K Das & Rohit Ramakrishnan കൂട്ടുകെട്ടിന് പുതിയ ഒരുപാട് ചിന്തകൾ ഇനിയും നൽകാൻ കഴിയട്ടെ, നമ്മൾ സ്നേഹിക്കുന്ന മലയാള സിനിമക്ക് നാളെയുടെ വാഗ്ധാനങ്ങളാകട്ടെ അല്ലെങ്കിൽ അങ്ങനെ തന്നെയാകട്ടെ എന്ന് ആശംസകളറിയിക്കുന്നു.